ദില്ലി : ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമാണ് സത്യവാങ്മൂലം. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നൽകിയ പരാതിയിൽ പൊലീസ് നൽകിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.