Awards കേന്ദ്രം സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായി കേരളം. കേന്ദ്രസർക്കാരിന്റെ 2023ലെ ‘ആരോഗ്യ മന്ഥൻ’ പുരസ്‌കാരം സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) സ്വന്തമാക്കി. തുടർച്ചയായ മൂന്നാംതവണയാണ് കേരളത്തിന്റെ നേട്ടം. ഉയർന്ന പദ്ധതി വിനിയോഗത്തിനു പുറമെ കാഴ്ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് “മികവുറ്റ പ്രവർത്തനങ്ങൾ’ എന്ന വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു.
എബിപിഎംജെഎവൈയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ദേശീയ ആരോഗ്യ അതോറിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിവഴി സംസ്ഥാന സർക്കാർ നൽകിയത്.
2021––-22ല്‍ 1400 കോടിയുടെയും 2022-–-23ൽ 1630 കോടി രൂപയുടെയും ചികിത്സ ലഭ്യമാക്കി. ഇന്ത്യയില്‍ ആകെ നല്‍കിയ സൗജന്യചികിത്സയുടെ 15 ശതമാനവും കേരളത്തിലാണ്. മണിക്കൂറില്‍ 180 രോഗികള്‍ക്കുവരെ സേവനം. കാഴ്ചപരിമിതർക്കായി ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക സേവനങ്ങൾ ഒരുക്കി. ഇവരുടെ ചികിത്സാ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. ആരോഗ്യവകുപ്പിനു കീഴിൽ സംസ്ഥാന ഹെൽത്ത് ഏജൻസി മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ–- സ്വകാര്യ മേഖലകളിൽനിന്ന് എംപാനൽ ചെയ്‌ത 613 ആശുപത്രിയിൽനിന്ന് ഗുണഭോക്താക്കൾക്ക് സൗജന്യചികിത്സ ലഭിക്കുന്നു.