journalists ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് നടത്തുന്ന റെയ്ഡില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ചാണ് റെയ്ഡ് നടത്തിയത്. ഇതില്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ കസ്റ്റഡിയിലായി.
മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എന്‍ജിനീയര്‍, ശാസ്ത്രപ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രബീര്‍ പുര്‍കായസ്ഥ. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെ കലാപകാരികള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ ഭാഗമായി 2022ല്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂലൈയിലാണ് ടീസ്തയ്ക്ക് സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.
അഞ്ചിടങ്ങളിലായി നൂറിടങ്ങളിലാണ് ഡല്‍ഹി പൊലീസ് റെയ്ഡുമായി എത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഡല്‍ഹി പൊലീസ് പങ്കുവച്ചിട്ടില്ലെങ്കിലും ചൈനീസ് ഫണ്ടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2021 മുതല്‍ തന്നെ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. റെയ്ഡിനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.