പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു.
പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്.
അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ സി. കൃഷ്ണകുമാര്‍ വിഭാഗം പാരയാകുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെയും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
അതിനിടെ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്റെ പേരും കേൾക്കുന്നുണ്ട്. സുരേന്ദ്രനോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് വിവരം.