തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രജനികാന്ത് ഫാന്‍സ് അസോസിയേഷന് ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം ചേരുകയാണ്. കോടമ്ബാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനികാന്ത് നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മക്കള്‍ മന്‍ഡ്രം ജില്ല സെക്രട്ടറി പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നല്ല പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നതായും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
2017 ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് അറിയിച്ചിരുന്നു. പിന്നീട് താരം പാര്‍ട്ടി രൂപീകരണം നടത്തിയില്ല. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു ജനുവരിയില്‍ സംസ്ഥാന ജാഥ നടത്തുമെന്നായിരുന്നു ഈ വര്‍ഷം ആദ്യം പ്രഖ്യാപനം നടത്തിയത്.
നൂറുകണക്കിന് ആരാധകരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അതേസമയം, തന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമെന്ന നിലപാടില്‍ തന്നെയാണ് താരം. എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഉടനീളം ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ മുന്നോട്ട് വയ്ക്കാനാണ് താരത്തിന്റെ തീരുമാനം.