കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്.
തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാല്‍ ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.