ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടമായി ഇത് മാറിയിരിക്കുകയാണ്. കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ശാസ്ത്രജ്ഞരെയും വഹിച്ച് ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്.
അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ,മെക് ഹോപ്കിന്‍സ്,എന്നിവര്‍ക്ക് പുറമേ ജാപ്പനീസ് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കാബിന്‍ ടെമ്ബറേച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു, വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നും,ബഹിരാകാശ വാഹനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്ലൈന്‍ ഷോട്ട്‌വെല്‍ പറഞ്ഞു.
കോവിഡ് ബാധയെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌ക് വിക്ഷേപണ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. വൈസ് പ്രസിഡന്റും നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ മൈക്ക് പെന്‍സ് വിക്ഷേപണം നേരിട്ട് കാണാനായി എത്തിയിരുന്നു.