Sunday, December 22
BREAKING NEWS


‘ചായക്കാരന്‍ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു’; വിവാദ ട്വീറ്റില്‍ വിശദീകരണവുമായി ശശി തരൂര്‍.

By sanjaynambiar

താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ സൃഷ്ടി രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്.

എന്നാല്‍ രാജ്യം കാവിവത്കരിക്കുന്നു എന്നാണോ, കോണ്‍ഗ്രസ് പാര്‍ട്ടി കാവിവത്കരിക്കപ്പെടുന്നു എന്നാണോ തരൂര്‍ ഉദ്ദേശിച്ചത് എന്ന അര്‍ത്ഥത്തിലേക്ക് തരൂര്‍ ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച മാറുകയായിരുന്നു.

കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റമാണോ തരൂര്‍ ഉദ്ദേശിക്കുന്നത് എന്ന അര്‍ത്ഥത്തിലും കമന്റുകള്‍ ഉയര്‍ന്നുവന്നു.

തുടര്‍ന്ന്  വിശദീകരണമറുപടിയുമായി തരൂര്‍ തന്നെ രംഗത്തെത്തി. എന്റെ ട്വീറ്റിന്റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ,

ഞാന്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണം, ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്.

നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും എന്നായിരുന്നു തരൂരിന്റെ വിശദീകരണ കമന്റ്. ഇംഗ്ലീഷിലും മലയാളത്തിലും കമന്റ് പങ്കുവെച്ചിട്ടുണ്ട് തരൂര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!