Sunday, January 12
BREAKING NEWS


182 ദിവസത്തെ ഇടവേള കഴിഞ്ഞ് സജി ചെറിയാന്റെ മടങ്ങി വരവ്, തടയിടാന്‍ എല്ലാ വഴികളും നോക്കിയ ഗവര്‍ണര്‍ പരാജയപ്പെട്ടു; അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും ഭരണഘടന ലംഘിച്ചെന്ന് വരുമെന്നായപ്പോള്‍ അനുമതി നല്‍കി. ഗവര്‍ണറുടെ നീക്കങ്ങള്‍ പൊളിഞ്ഞ നിയമോപദേശം ഇങ്ങനെ…

By sanjaynambiar
പ്രതിഷേധങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. 182 ദിവസത്തിന് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ തിരിച്ചു വരവ്; കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം.

സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്നു. ശുപാര്‍ശ മറികടന്നാല്‍ ഭരണഘടനയെ ഗവര്‍ണര്‍ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല്‍ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്‍കാമെന്നായിരുന്നു ഉപദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ശക്തമായ വിയോജിപ്പുകളോടെ ഗവര്‍ണര്‍ അംഗീകരിച്ചത്. പല നിയമവിദഗ്ധരില്‍ നിന്നും നിയമോപദേശങ്ങള്‍ തേടി പരമാവധി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സജി ചെറിയാന്‍ മന്ത്രിയായിരിക്കേ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗം ഇപ്പോഴും നിലനില്‍ക്കുന്നു എന്നാരോപിച്ച്, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും.

സത്യപ്രതിജ്ഞ ചടങ്ങില്‍ മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ പോലീസിനെ ഉപയോഗിച്ച് കള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

പ്രതിഷേധങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്.

സത്യപ്രതിജ്ഞയ്ക് ശേഷം ഗവര്‍ണര്‍ ഒരുക്കുന്ന ചായസത്ക്കാരം നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിക്കാന്‍ ഇടയില്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തുന്നതെന്ന സവിശേഷതയുമുണ്ട്.

നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ സജി ചെറിയന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് – സാംസ്‌കാരികം – സിനിമ – യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന് വീണ്ടും ലഭിക്കുക എന്നാണ് സൂചന. ഇതറിയാന്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കുന്നത് വരെ കാത്തിരിക്കണം.

മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗവര്‍ണര്‍ വകുപ്പുകള്‍ അനുവദിച്ചു നല്‍കുക.

കേരളത്തിലെ രണ്ട് പിണറായി സര്‍ക്കാരുകളിലായി രാജിവെയ്ക്കേണ്ടിവന്ന് വീണ്ടും മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്ന മൂന്നാമത്തെയാളാണ് സജി ചെറിയാന്‍.

ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് ഈ പട്ടികയിലെ സജി ചെറിയാന്റെ മുന്‍ഗാമികള്‍. എന്നാല്‍ മറ്റ് രണ്ടുപേരെ അപേക്ഷിച്ച് കുറഞ്ഞ കാലം മാത്രമാണ് സജി ചെറിയാന് മന്ത്രി സഭയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇപി ജയരാജന്റെയും, എകെ ശശീന്ദ്രന്റെയും പുറത്തുപോകലും മടങ്ങിവരവും ഉണ്ടായത്. ഇപി ജയരാജന് 669 ദിവസം പദവിയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നപ്പോള്‍ ശശീന്ദ്രന്‍ 312 ദിവസത്തിന് ശേഷം മന്ത്രിയായി തിരികെയെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!