മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രാഹുൽ രവി വിവാഹിതനാവുകയാണ്. ലക്ഷ്മി എസ് നായർ ആണ് വധു. നടൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പ്രീവെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ നടൻ പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പും വൈറലായിട്ടുണ്ട്.
രാഹുലിന്റ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാൽ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതൽ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവൾ വെറുമൊരു പെൺകുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുന്നു- രാഹുൽ കുറിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ലൈഫ് ലെൻ ഉടൻ എത്തുന്നു എന്ന് കുറിച്ച് കൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ വധുവിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നില്ല. നടന് ആശംസ നേരുന്നതിനോടൊപ്പം തന്നെ വധുവിനെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം രാഹുൽ പങ്കുവെച്ചത്. ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കൽ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.
ലവ് ഇമോജി പങ്കുവെച്ച് കൊണ്ടാണ് എലീന ആശംസ നേർന്നിരിക്കുന്നത്. കൂടാതെ ആരാധകരും നടന് ആശംസ നേർന്ന് എത്തിയിട്ടുണ്ട്. മോഡലിങ്ങ് രംഗത്ത് നിന്നാണ് രാഹുൽ അഭിനയത്തിലേയ്ക്ക് എത്തിയത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് രാഹുൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക കഥാപാത്രങ്ങളിലൊന്നാണ് പൊന്നമ്പിളിയിലെ ഹരി പത്മനാഭൻ. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തമിഴ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാഹുൽ. ഫഹദ് ഫാസിൽ- അമല പോൾ പ്രധാന വേഷത്തിലെത്തിയ ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.