ന്യൂഡൽഹി ∙ യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു പോകാൻ രാഹുൽ ഗാന്ധിയെ അനുവദിച്ച് യുപി പൊലീസ്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേർക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്.
നിരവധി കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡല്‍ഹി– നോയിഡ പാത അടച്ചിരുന്നു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പൊലീസ് സന്നാഹമാണു യുപി സർക്കാർ വിന്യസിച്ചിട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് – പ്രിയങ്ക ട്വീറ്റ് ചെയ്തു.
Content retrieved from: https://www.manoramaonline.com/news/latest-news/2020/10/03/rahul-priyanka-head-to-hathras-again-to-meet-rape-victims-family.html.