Oman Air മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് തുടങ്ങുമെന്ന് അറിയിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതൽ സർവീസ് തുടങ്ങും. 162 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിങ് 737 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ഞായർ, ബുധൻ, വ്യാഴം , ശനി എന്നിങ്ങനെ ആഴ്ചയിൽ നാല് ദിവസമായിരിക്കും സർവീസ്. ഞായർ , ബുധൻ ദിവസങ്ങളിൽ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8.45ന് പുറപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55ന് എത്തുന്ന വിമാനം വൈകിട്ട് 4.10ന് മസ്കത്തിലേക്ക് മടങ്ങും. ശനിയാഴ്ച ഉച്ചക്ക് 2.30ന് വിമാനം തിരുവനന്തപുരത്ത് എത്തുമെന്നും 3.30ന് മസ്കത്തിലേക്ക് പുറപ്പെടുമെന്നും ഒമാൻ അറിയിച്ചു.
ലക്നൗവിലേക്കുള്ള സർവീസും ഒക്ടോബർ ഒന്ന് മുതൽ ഒമാൻ എയർ പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ ഒൻപത് വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഡിസംബറോടെ ഇത് പത്തായി വർധിപ്പിക്കുമെന്നും ഒമാൻ എയർ അറിയിച്ചു. ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് ഒമാൻ എയറിന്റെ നടപടി.