Afghanistan Embassy ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന.
ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള കാരണമായി അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു.
അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഉദ്യോഗസ്ഥരിലും സംവിധാനങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അവർക്ക് പ്രവർത്തനം തുടരുന്നത് വെല്ലുവിളിയാണെന്നും അഫ്ഗാൻ എംബസി പറഞ്ഞു.