Nipah virus കോഴിക്കോട് ഒരാൾക്ക് കൂടി നിപ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജില്ലയിൽ അതിജാഗ്രത തുടരുന്നുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാംപിളുകൾ നെഗറ്റീവായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ള 30 പേരുടെ സാംപിളുകൾകൂടി വ്യാഴാഴ്ച പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽ 15 പേർ രോഗികളുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരാണ്.
Also Read : https://www.bharathasabdham.com/16th-holiday-for-educational-institutions-nipah-virus/
ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. പോസിറ്റീവായവരുമായി ഇടപഴകിയ 234 പേരെക്കൂടി കണ്ടെത്തിയതോടെ സമ്പർക്കപ്പട്ടികയിൽ 950 പേരായി. ബുധനാഴ്ച നിപ പോസിറ്റീവായ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ചേവരമ്പലത്തെ വാടകവീട്ടിൽ കൂടെത്താമസിച്ച 14 പേർ നിരീക്ഷണത്തിലാണ്. നാലുപേർ മെഡിക്കൽ കോളേജിലാണ്.
സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പോലീസ് സഹായം തേടാൻ മന്ത്രി വീണാ ജോർജ് നിപ അവലോകനയോഗത്തിൽ നിർദേശം നൽകി. എൻ.ഐ.വി. പുണെയുടെ മൊബൈൽ ടീമും സജ്ജമായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്.
കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വിപുലമായ യോഗം ചേരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രസംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.