പത്തനംതിട്ട: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ പറഞ്ഞു.
ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. പെൻ്റിംഗ് ഫയലുകളെല്ലാം തീർത്താണ് ഇറങ്ങുന്നതെന്ന് ചേട്ടൻ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാൻ ആഗ്രഹിച്ചതെന്നും ഗിരീഷ് കുമാർ പറഞ്ഞു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. ഇന്നാണ് ഈ ദൃശ്യം പുറത്തുവന്നത്.
എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു. കണ്ണൂർ പള്ളിക്കുന്നിൽ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്കൂട്ടറിലെത്തിയ ആൾ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടിൽ പോയി 98500 രൂപ കൈക്കൂലിയായി നൽകിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.