കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തരംതാഴ്ന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്. എൽഡിഎഫ്, യുഡിഎഫ് മാനിഫെസ്റ്റോകളുടെ രാഷ്ട്രീയമെന്താണ്?എന്ന ചോദ്യത്തോടെ ആണ് തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് തുടങ്ങുന്നത്.
എല്‍ഡിഎഫിനെതിരെ പ്രകടനപത്രികയില്‍ ഉന്നയിച്ചവര്‍ ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. ബിജെപിയെ രാഷ്ട്രീയമായി തുറന്നു കാണിക്കാൻ അറച്ചും മടിച്ചും നിൽക്കുമ്പോൾ, മറുവശത്ത് വെൽഫെയർ പാർടിയെപ്പോലുള്ളവരുമായി തുറന്ന സഖ്യത്തിലേർപ്പെടാനും യുഡിഎഫ് തയ്യാറാകുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ചും ന്യൂനപക്ഷവർഗീയതയെ പ്രോത്സാഹിപ്പിച്ചും അപകടകരമായ ഒരു ഞാണിന്മേൽ കളി കളിക്കുകയാണവർ. ഇത് നാട്ടിനുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് ഒരു വേവലാതിയും കോൺഗ്രസിനില്ല. ഈ അവസരവാദ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി കേരളം കൊടുക്കുക തന്നെ ചെയ്യും.
രാഷ്ട്രീയമായി പാപ്പരായതുകൊണ്ടാണ് സ്വന്തം മുദ്രാവാക്യം തന്നെ അവർക്കു വിഴുങ്ങേണ്ടി വന്നത്. അഴിമതിയ്ക്കെതിരെ ഒരു വോട്ട് എന്ന കൊട്ടിഗ്ഘോഷിക്കപ്പെട്ട മുദ്രാവാക്യം പ്രകടനപത്രികയിൽ നിന്ന് അവർക്ക് പിൻവലിക്കേണ്ടി വന്നു. അഴിമതിക്കേസിൽ മുതിർന്ന നേതാക്കൾ ജയിലിലും ജയിലിലേയ്ക്കുള്ള വഴിയിലുമായിരിക്കെ, ഈ മുദ്രാവാക്യവും വിളിച്ചു നടന്നാൽ ജനം കൂകുമെന്ന് ബോധ്യമായതുകൊണ്ടാണ് അത് പിൻവലിക്കേണ്ടി വന്നത്.പകരം “ഉണരുന്ന ഗ്രാമങ്ങൾ, പുനർജനിക്കുന്ന നഗരങ്ങൾ” എന്നായി മുദ്രാവാക്യം. സത്യം പറയട്ടെ, എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടത്തെ ഇത്ര സർഗാത്മകമായി പ്രതിഫലിപ്പിക്കുന്ന പരസ്യവാചകമില്ല.
ഗ്രാമങ്ങൾ ഉണർന്നതും നഗരങ്ങൾ പുനർജനിച്ചതും എൽഡിഎഫ് ഭരണകാലത്താണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടവും ഭരണമികവും യുഡിഎഫ് തന്നെ പരസ്യം ചെയ്യുന്നത് നന്നായി. ഗ്രാമങ്ങളെ ഉയർത്തുകയും നഗരങ്ങളെ പുനർജനിപ്പിക്കുകയും ചെയ്ത എൽഡിഎഫിനു തന്നെയാവും ജനങ്ങളുടെ പിന്തുണ.