Tuesday, December 17
BREAKING NEWS


മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം; സിബിഐ അധികൃതര്‍ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തു

By sanjaynambiar

കൊല്ലം : മദ്രാസ് ഐഐടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി സിബിഐ അധികൃതര്‍ മൊഴിയെടുത്തു.

അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ മൊഴിയെടുക്കുന്നത് .രാവിലെ 10 മണിയോടെയാണ് സിബിഐ ചെന്നൈ ബ്രാഞ്ചിലെ മൂന്നംഗസംഘം കൊല്ലത്തെ വീട്ടിലെത്തിയത്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ രേഖയുമായാണ് സംഘം എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവ പരിശോധിച്ചു. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമാ രേഖപ്പെടുത്തിയിരുന്നു.

പിതാവ് അബ്ദുല്‍ ലത്തീഫ്, മാതാവ് സജിത ലത്തീഫ് ഇരട്ട സഹോദരിയായ അയിഷ, ഇളയ സഹോദരി മറിയം എന്നവരുടെ മൊഴി രേഖപ്പെടുത്തി. വിഡിയോ റെക്കോര്‍ഡിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സിബിഐ മൊഴിയെടുക്കാന്‍ എത്തിയത്. അന്വേഷണം ഏറ്റെടുത്തു ഒരു വര്‍ഷം ആയെങ്കിലും ഇതാദ്യമായാണ് അന്വേഷണസംഘം ഇവിടേക്ക് വരുന്നത്. കൊവിഡ് പ്രതിസന്ധിയാണ് അന്വേഷണം നീളാന്‍ കാരണമെന്നാണ് വിശദീകരണം. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ ഫാത്തിമ ലത്തീഫ് മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!