Kerala State Electricity Board സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല.
ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.
കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി, ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേവന്നത്. അത്കഴിഞ്ഞദിവസം നീക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
നാലുവര്‍ഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും. തുടര്‍ന്ന് അന്നുതന്നെ തീരുമാനം വരാനാണ് സാധ്യത.
പെന്‍ഷന്‍ ബാധ്യത മാറുന്നതോടെ യൂണിറ്റിന് 17 പൈസവരെ കുറയാം. എങ്കിലും സമീപകാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത നിലനില്‍ക്കുന്നു. അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ അടുത്തമാസം 150 മെഗാവാട്ടും മാര്‍ച്ചില്‍ രണ്ടാഴ്ച 50 മെഗാവാട്ടും വൈദ്യുതി കടംനല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് മഴക്കാലത്ത് കേരളം തിരികെ നല്‍കണം.
കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഹ്രസ്വകാല കരാര്‍ പ്രകാരം യൂണറ്റിന് ശരാശരി 7.50 രൂപയ്ക്കും മധ്യകാല കരാര്‍ പ്രകാരം 6.88 രൂപയ്ക്കും വൈദ്യുതി നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചുണ്ട്. കടംവാങ്ങല്‍ കരാറുകള്‍ കൂടി തുറന്നതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയായി. ഇതിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം.
യൂണിറ്റിന് 4.29 വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്തമന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും.