കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണമുണ്ടായത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു.
വീടിന്‍റെ വാതിലിനും ജനലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 2.5 നാണ് അക്രമണം നടന്നത്. ഉഗ്ര ശബ്ദത്തോടെയുള്ളയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ ജനലുകളും വാതിലും തകര്‍ന്നു.ഈ സമയം ഷൈലജയും ഭര്‍ത്താവും പരുക്കേറ്റ് ചികിത്സയിലുള്ള മകനും മകളും മകളുടെ ചെറിയ കുട്ടിയും കിടന്നുറങ്ങുകയായിരുന്നു. ആര്‍ക്കും ആളപായമൊന്നുമില്ല.
പ്രദേശമാകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.ബൈക്കിലെത്തയ സംഘമാണ് അക്രമിച്ചതെന്ന് കരുതുന്നു. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി.
സ്റ്റീല്‍ ബോംബാണ് അക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധനക്കായി എത്തുന്നുണ്ട്.