Wednesday, December 18
BREAKING NEWS


വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം

By sanjaynambiar

കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടും മുമ്പാണ് കേരളത്തിലെ വിതരണം സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം. ഫൈസര്‍ വാക്‌സിനടക്കം ഒരു വാക്‌സിനും ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷെ രാജ്യവും കേരളമടക്കമുള്ള സംസ്ഥാനങ്ങളും വാക്‌സിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്‌സിന്‍ വിതരണത്തിനുള്ള കേരളത്തിന്റെ പ്രധാന വെല്ലുവിളി.

ലോകത്ത് വിതരണമാരംഭിച്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയില്‍ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്‌നറുകള്‍ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും.

പരമാവധി മൈനസ് മുപ്പത് ഡിഗ്രി വരെയുള്ള ഡീപ് ഫ്രീസറുകളാണ് കേരളത്തിലുള്ളത്. ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊ-വാക്‌സ് എന്നിവയിലാണ് കേരളത്തിന്റെ കൂടുതല്‍ പ്രതീക്ഷ. ഇവ വിതരണം ചെയ്യാന്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകും. 1250 ശീതികരണ സംഭരണ യൂണിറ്റുകള്‍ കേരളത്തിനുണ്ട്.

ഐസ് ലൈന്‍ഡ് റെഫ്രിജറേറ്റുകളും ഡീപ് ഫ്രീസറുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജമാണ്. സിറിഞ്ചുകളടക്കമുള്ളവ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കും.

വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, ദൗത്യസേന എന്നിവ ഉണ്ടാക്കി. തെരഞ്ഞെടുപ്പിന് ശേഷം താഴേത്തട്ടിലുള്ള രൂപീകരണവും നടക്കും. ഫെബ്രുവരിയെങ്കിലുമാകും വാക്‌സിന്‍ കേരളത്തില്‍ വിതരണത്തിനെത്താന്‍ എന്നാണ് നിലവിലെ കണക്കുകൂട്ടല്‍.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവരുടെ വിവര ശേഖരണം നടക്കുകയാണ്. കോവിന്‍ എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനം.

പരീക്ഷണഘട്ടം പിന്നിട്ട് വാക്‌സിനുകളുടെ ഉപയോഗത്തിനുള്ള കേന്ദ്ര അനുമതിയാണ് ഏറ്റവും നിര്‍ണായകം. അതായത് വാക്‌സിന്‍ വിതരണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുമ്പോഴും വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് യാതൊരു ഉറപ്പുമായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!