സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് വാക്‌സിന്‍ ലഭ്യമായാല്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്.
വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎല്‍എ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം.