Sunday, December 22
BREAKING NEWS


ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം; ചെയ്യേണ്ടത് ഇത്ര മാത്രം

By ഭാരതശബ്ദം- 4

തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് സജ്ജമായി. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്‍റര്‍ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി  നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും.

മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്ത് 19,84,134 എ.എ.വൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പി എച്ച് എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും ( 84.18 ശതമാനം)  മസ്റ്ററിംഗ് പൂർത്തീകരിച്ചുവെന്നാണ് കഴിഞ്ഞ ദിവസം സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചത്. ഏറെ താമസിച്ചാണ് കേരളത്തിൽ മസ്റ്ററിംഗ് നടപടികൾ ആരംഭിച്ചതെങ്കിലും ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. റേഷൻ വ്യാപാരികളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും മികച്ച രീതിയിലുള്ള സഹകരണവും പിൻതുണയുമാണ് മസ്റ്ററിംഗിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!