കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ആയിരം രൂപയില്‍ താഴെയാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്കെങ്കില്‍ കേരളത്തിലിപ്പോഴും രണ്ടായിരത്തിന് മുകളിലാണ്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് ഇത് വലിയ ബാധ്യതയാവുന്നുണ്ട്. നിലവില്‍ രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ഫീസീടാക്കുന്നത് 2100 രൂപ.
മഹാരാഷ്ട്ര,കര്‍ണാടക , ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അയല്‍ സംസ്ഥാനങ്ങള്‍ പല ഘട്ടങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറച്ചു. മൂവായിരം രൂപവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നിരക്ക് 700 രൂപയാണ്. ആന്ധ്രപ്രദേശില്‍ അഞ്ഞൂറും.
കര്‍ണാടകത്തില്‍ 800ഉം രൂപയാണ് ഫീസ്.കൊവിഡ് പരിശോധനാ നിരക്ക് നിജപ്പെടുത്തി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
കര്‍ണാടകത്തില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് മുന്നറിയിപ്പ് , ഈ സാഹചര്യത്തില്‍ കൂടുതല്‍പേര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് പരിശോധാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ മലയാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.