കൊച്ചി: പണി എന്ന ചിത്രത്തിന്‍റെ റിവ്യൂ എഴുതിയതിന് ആദര്‍ശ് എന്ന യുവാവിനെ ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ച ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അഖില്‍ മാരാര്‍ വിവാദത്തില്‍ പ്രതികരിച്ചത്.
താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ജോജുവുമായുള്ള വ്യക്തി ബന്ധത്തിന്‍റെ പേരില്‍ അല്ലെന്നും. തന്‍റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും. മൂന്ന് മാസമായി ജോജുവുമായി ഒരു ബന്ധവും ഇല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ അതിന് കാരണം എന്താണെന്നും അറിയില്ലെന്ന് അഖില്‍ പറഞ്ഞു.
ചിത്രത്തിന്‍റെ പൂജയില്‍ നിലവിളക്ക് കൊളുത്തിയ ആളാണ്, പിന്നീട് ഷൂട്ടിംഗ് സമയത്തും പോയിട്ടുണ്ട്, എഡിറ്റിംഗ് സമയത്തും പോയിരുന്നു ചിത്രത്തിന്‍റെ 80 ശതമാനം കണ്ട വ്യക്തിയാണ് ഞാന്‍. എന്നാല്‍ താന്‍ സിനിമയുമായി യാതൊരു വിധത്തിലും സഹകരിച്ചിട്ടില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. എന്‍റെ ശരികളുടെ പേരിലാണ് ഇതില്‍ പ്രതികരിക്കുന്നത് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
പണിയുടെ റിവ്യൂ പങ്കുവച്ച ആദര്‍ശ് നിഷ്കളങ്കനായ വിദ്യാര്‍ത്ഥിയല്ലെന്നും മുന്‍പ് ഒരു ചാനലില്‍ പ്രവര്‍ത്തിച്ച, ഇപ്പോള്‍ കെപിസിസി സൈബര്‍ വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നയാളുമാണെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
മുന്‍കാലത്ത് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ നടന് അയാള്‍ സംവിധായകനായസമയത്ത് ലഭിക്കുന്ന ജനപ്രീതികണ്ട് ഹാലിളകിയ ഒരു സൈബര്‍ കൊങ്ങിയുടെ ധീനരോദനമാണ് ആദര്‍ശ് രേഖപ്പെടുത്തുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു.
സിനിമയെ ബോധപൂര്‍വം നിശിപ്പിക്കാന്‍ നോക്കുന്നവരെ തിരിച്ചറിയണമെന്നും ആരെയും അനുകൂലിക്കാനോ എതിര്‍ക്കാനോ പറയുന്നില്ലെന്നും ജോജുവിന്റെ ഭാഗത്ത് നിന്നും ചിന്തിക്കണമെന്ന് അഖില്‍ മാരാര്‍ വീഡിയോയില്‍ പറയുന്നു. ഒരു താത്വിക അവലോകനം എന്ന അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനായിരുന്നു ജോജു.