Thursday, December 19
BREAKING NEWS


ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.

By sanjaynambiar

കൊച്ചി: സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നും നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നു നടന്‍ ഇന്ദ്രന്‍സ് (Indrans) പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

‘സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. ഇത് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നവര്‍ മാത്രമേ പുരുഷന്മാരെപ്പോലെ തുല്യരാകാന്‍ ആവശ്യപ്പെടുകയുള്ളൂ.

ഡബ്ല്യുസിസി ഇല്ലെങ്കില്‍ പോലും നടി അക്രമിക്കപ്പെട്ട കേസില്‍ നിയമനടപടികള്‍ അതിന്റെ വഴിക്ക് പോകുമായിരുന്നു. വാസ്തവത്തില്‍, ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു.

‘സിനിമ എന്നത് സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹത്തില്‍ എന്ത് സംഭവിക്കുന്നുവോ അത് ഇവിടെയും സംഭവിക്കും. എല്ലാവരും സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല.

അവള്‍ എനിക്ക് മകളെ പോലെയാണ്. അവള്‍ക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി. എന്നാല്‍, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുക.

ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എനിക്കത് വലിയ ഞെട്ടലുണ്ടാക്കും’ എന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്ദ്രന്‍സിന്റെ പരാമര്‍ശത്തോട് ഡബ്ല്യു സി സി അംഗങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നടി അക്രമിക്കപ്പെട്ട ശേഷം സിനിമയിലെ ഒരു വിഭാഗം നടിമാരും ടെക്‌നിഷ്യന്‍മാരും ചേര്‍ന്ന് രൂപീകരിച്ചതാണ് ഡബ്ല്യുസിസി എന്ന സംഘടന.

പല അംഗങ്ങളും സിനിമയിലെ നടീ നടന്‍മാരുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചാണ് ഡബ്ല്യുസിസിയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. നടിയെ അക്രമിച്ച കേസില്‍ കുറ്റക്കാരനെ ശിക്ഷിക്കുന്നത് വരെ പോരാടും എന്നാണ് സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ ഉള്ള പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!