തിരുവനന്തപുരം : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് അടുത്തെത്തി. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബറേവി വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുറേവിയുടെ വരവിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.
കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്
വീശിയടിച്ച ബുറേവി ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്. ജാഫ്നയിലെ വാല്‍വെട്ടിത്തുറൈയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്.
ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങിയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയിട്ടുള്ള ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തീവ്രത കുറഞ്ഞ് കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നതെന്നും ചില അവസരത്തില്‍ ഇത് 90 കിലോമീറ്റര്‍ വരെയാകുന്നുണ്ടെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ ആനപ്പാറയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ബുറേവി പൊന്മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണിത്. ചുഴലിക്കാറ്റ് തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.