Health Minister ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസൻ. നിയമനതട്ടിപ്പിൽ നേരത്തെ വിവരം നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ഹരിദാസന്റെ ആരോപണം.
ഓഗസ്റ്റ് 17ന് മന്ത്രിയുടെ പിഎസിനെ നേരിൽ കണ്ട് വിവരം അറിയിച്ചു എന്നും ഹരിദാസൻ വെളിപ്പെടുത്തി. എന്നിട്ടും വീണ ജോർജിന്റെ ഓഫീസിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ലെന്ന് ഹരിദാസൻ ആരോപിക്കുന്നു. ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു.
”ഞാനിത് അറിയിക്കാൻ വേണ്ടിയാണ് മന്ത്രിയുടെ പിഎസ്നെ നേരിട്ട് കാണാൻ ആളെവിട്ടതും പരാതി കൊടുത്തതും. വായിച്ച് കേട്ട് അതിന് നടപടി എടുക്കാൻ വേണ്ടിയാണ് അവിടെ കൊടുത്തത്. അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മന്ത്രിക്ക് അപേക്ഷ കൊടുക്കുന്നത്. അവിടെ നിന്ന് നടപടി എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്.
Also Read : https://www.bharathasabdham.com/a-police-complaint-has-been-registered-against-akhil-sajeev-before/
സെപ്റ്റംബർ 13നാണ് മന്ത്രിയുടെ ഓഫീസിൽ പരാതി ചെല്ലുന്നത്. ഓഗസ്റ്റ് 17നാണ് ഞാൻ പിഎസിനെ കാണുന്നത്. ശാരീരിക പ്രതിസന്ധിയുൾപ്പെടെ ചില പ്രതിസന്ധികൾ വന്നത് കൊണ്ടാണ് അത്രയും താമസിച്ചത്. പിഎസ് നോട് പറഞ്ഞല്ലോ വീണ്ടും മന്ത്രിയോട് പറയണോ എന്ന് ഞാൻ ആദ്യം മടിച്ചു. പിന്നെ അതിലെന്തെങ്കിലും നടക്കുമോ എന്ന് സംശയം തോന്നി. അതാണ് വൈകിയത്.
മന്ത്രിയുടെ ഓഫീസിൽ സെറ്റിൽ ചെയ്യാം എന്ന തീരുമാനത്തിലാണ് ഞാൻ പരാതി കൊടുത്തത്. പക്ഷേ അതങ്ങനെ നടന്നില്ല. ഈ വിഷയം ആരോടും പറഞ്ഞിട്ടില്ല. എന്റെ പേരിൽ പരാതി കൊടുത്തെന്നറിഞ്ഞു. എന്തിനാണ് അതെന്ന് എനിക്കറിയില്ല. കാരണം ഞാനാണല്ലോ വഞ്ചിക്കപ്പെട്ട ആൾ.” ഹരിദാസൻ പറഞ്ഞു.
അതേ സമയം ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസിനോട് രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കി മൊഴിനല്‍കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്‍റെ പരാതിയിലാണ് കേസ്. എന്നാല്‍ അഖില്‍ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിന്‍റെ സമീപംവച്ച് പണം വാങ്ങിയതെന്ന ഉറച്ചനിലപാടിലാണ് കൈക്കൂലി നല്‍കിയ ഹരിദാസ്.
അതേസമയം ഹരിദാസിന്‍റെ മരുമകള്‍ കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് തുല്യമല്ല. ഇതിന്‍റെ നിജസ്ഥിതി അറിയാന്‍ ആരോഗ്യകേരളത്തിന്‍റെ ഓഫിസിലും പരിശോധന നടത്തും.