Monday, December 23
BREAKING NEWS


ഈ വര്‍ഷം ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും

By sanjaynambiar

ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2020 ല്‍ ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും ഇവയാണ്.

ഗൂഗിൾ ഫോട്ടോസ് സേവനം ഇനി സൗജന്യമല്ല; അടുത്ത വർഷം ജൂൺ മുതൽ പണം നൽകണം

ഗൂഗിള്‍ ഫോട്ടോസ് പ്രിന്‍റ്

ഗൂഗിള്‍ ഫോട്ടോസ് പ്രിന്റ് സംവിധാനവും ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്. 30 ദിവസത്തിനിടെ എടുത്തതില്‍ മികച്ച 10 ഫോട്ടോകള്‍ ഉപയോക്താവിന് തെരഞ്ഞെടുത്ത് നല്‍കുന്ന സംവിധാനമായിരുന്നു ഇത്. 2020 ജനുവരിയിലായിരുന്നു ഈ സംവിധാനം ആരംഭിച്ചത്. എന്നാല്‍ അഞ്ച് മാസത്തിനൊടുവില്‍ ഈ സര്‍വീസും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്.

ഗൂഗിള്‍ പ്ലേ മ്യൂസിക്ക്

2011 ലാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവതരിപ്പിച്ചത്. മ്യൂസിക്ക് ആന്‍ഡ് പോഡ്കാസ്റ്റ് സ്ട്രീമിംഗ് സര്‍വീസായിട്ടായിരുന്നു ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് അവതരിപ്പിച്ചത്.

സയന്‍സ് ജേര്‍ണല്‍

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിന്റെ സെന്‍സറുകള്‍ ഉപയോഗിച്ച് സയന്‍സ് എക്‌സ്പിരിമെന്റുകള്‍ ചെയ്യാന്‍ അവസരം ഒരുക്കിയിരുന്ന മൊബൈല്‍ ആപ്ലിക്കേഷനായിരുന്നു സയന്‍സ് ജേര്‍ണല്‍. നാലു വര്‍ഷം മുന്‍പാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ആപ്ലിക്കേഷന്റെ ഗൂഗിള്‍ വേര്‍ഷന്‍ ഈ ഡിസംബര്‍ 11 വരെയെ ലഭ്യമാകൂ.

ട്രസ്റ്റഡ് കോണ്ടാക്ട്‌സ്

2016 ല്‍ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് ട്രസ്റ്റഡ് കോണ്ടാക്ട്‌സ്. ഈ ആപ്ലിക്കേഷന്‍ വഴിയായി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ലൊക്കേഷന്‍ അയച്ചുകൊടുക്കാന്‍ സാധിക്കുമായിരുന്നു.

നെസ്റ്റ് സെക്യൂര്‍

2017 ലാണ് നെസ്റ്റ് സെക്യൂര്‍ സെക്യൂരിറ്റി സിസ്റ്റം അവതരിപ്പിച്ചത്. ഇത് വീടുകളുടെ സുരക്ഷയ്ക്കായുള്ള ആപ്ലിക്കേഷനായിരുന്നു.

ഗൂഗിള്‍ ഹയര്‍

2017 ലാണ് ഗൂഗിള്‍ ഹയര്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ ലക്ഷ്യമിട്ടുള്ള ഒരു അപേക്ഷക ട്രാക്കിംഗ് സംവിധാനമായിരുന്നു ഹയര്‍. അപേക്ഷകരെ തിരയല്‍, അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുക തുടങ്ങി നിയമന പ്രക്രിയ ലളിതമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഹയര്‍ അവതരിപ്പിച്ചത്.

പാസ് വേര്‍ഡ് ചെക്ക്അപ്പ് എക്സ്റ്റന്‍ഷന്‍

2019 ലാണ് ഗൂഗിള്‍ പാസ് വേര്‍ഡ് ചെക്ക്അപ്പ് എക്സ്റ്റന്‍ഷന്‍ അവതരിപ്പിച്ചത്. ഉപയോക്താവ് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ് വേര്‍ഡും മുന്‍പ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ, ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുള്ളവയാണോ എന്ന് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു ഇത്.

ഫോക്കല്‍സ്

ഒരു വര്‍ഷം മുന്‍പാണ് ഫോക്കല്‍സ് കസ്റ്റം ബില്‍റ്റ് സ്മാര്‍ട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചത്. ഇവയുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. നോട്ടിഫിക്കേഷനുകളും ഫോണ്‍ കോള്‍ വിവരങ്ങളും നാവിഗേഷനുമെല്ലാം സ്മാര്‍ട്ട് ഗ്ലാസില്‍ കാണുന്നതിനുള്ള സംവിധാനമായിരുന്നു ഇത്.

പീജിയോണ്‍ ട്രാന്‍സിസ്റ്റ്

പീജിയോണ്‍ ട്രാന്‍സിസ്റ്റ് സംവിധാനവും ഗൂഗിള്‍ ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണിലാണ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഗൂഗിള്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കൊവിഡ് വ്യാപനം മൂലം സേവനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. ഗൂഗിള്‍സ് ഏരിയ 120 പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു ഈ ആപ്ലിക്കേഷന്‍

ഷൂലേസ്

ഗൂഗിള്‍ ഏരിയ 120 എക്‌സ്പിരിമെന്റല്‍ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു ഷൂലേസ് ആപ്ലിക്കേഷനും. സമാന താത്പര്യങ്ങളുള്ളവരുടെ ഗ്രൂപ്പുകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമായിരുന്നു ഇത്. എന്നാല്‍ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ തയാറാക്കുന്നതിനായി കൂടുതല്‍ മനുഷ്യശേഷി കൂടുതല്‍ വിനിയോഗിക്കാനാവാത്തതിനാല്‍ ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവും ഗൂഗിള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

നെയ്ബര്‍ലി

2018 ലാണ് നെയ്ബര്‍ലി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. പ്രദേശത്ത് താമസിക്കുന്നവരോട് ചോദിച്ച് പ്രദേശത്തെ ലോക്കല്‍ സര്‍വീസുകളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനായുള്ള ആപ്ലിക്കേഷനായിരുന്നു ഇത്.

ഗൂഗിള്‍ സ്റ്റേഷന്‍

ഇന്ത്യയിലെ നാനൂറിലധികം റെയില്‍വേ സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. 2016 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലോകത്താക 5000 പൊതുവിടങ്ങളില്‍ ഫ്രീ വൈഫൈ സംവിധാനം ഒരുക്കുന്നതിനുള്ളതായിരുന്നു പദ്ധതി. ഈ പദ്ധതിയും ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്.

വണ്‍ ടുഡേ

2013 ലാണ് വണ്‍ ടുഡേ ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് വിവിധ ചാരിറ്റി സംഘടനകള്‍ക്ക് പണം സംഭാവന ചെയ്യുന്നതിനും അവര്‍ പണം എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും അറിയുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു അത്. അവതരിപ്പിച്ച് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് ഗൂഗിള്‍ ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

ആന്‍ഡ്രോയിഡീഫൈ

2011 ലാണ് ആന്‍ഡ്രോയിഡീഫൈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!