Monday, December 23
BREAKING NEWS


ജി 20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലില്‍ G20 Summit 2023

By sanjaynambiar

G20 Summit 2023 അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. ജി20യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി.

ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുള്‍പ്പടെ എല്ലാ ലോകനേതാക്കളും ചേര്‍ന്ന് മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച്‌ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

യുക്രെയിൻ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്ബത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും നേട്ടമായി.

അതേസമയം, യുക്രെയിൻ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തില്‍ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമര്‍ശനം അമേരിക്കൻ മാധ്യമങ്ങള്‍ ഉയര്‍ത്തി.

കാലാവസ്ഥാമാറ്റം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറൻസിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കല്‍, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!