Sunday, December 22
BREAKING NEWS


നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; ഇടക്കാല ഉത്തരവില്ല

By ഭാരതശബ്ദം- 4

ദില്ലി: മണ്ഡലകാലം കണക്കിലെടുത്ത്‌ നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ്‌ സർവീസ്‌ നടത്താൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന്‌ അറിയിച്ചാണ്‌ കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളിയത്‌. കേസ്‌ അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ശബരിമല തീർത്ഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.  നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം.

നിലയ്‌ക്കൽ മുതൽ പമ്പ വരെ ബസ്‌ സർവീസ്‌ നടത്താൻ കെഎസ്‌ആർടിസിക്കാണ്‌ അധികാരമെന്നും തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ബസുകൾ വാടകയ്‌ക്ക്‌ എടുത്ത്‌ സൗജന്യ സർവീസ്‌ നടത്താൻ അനുവദിക്കണമെന്ന വിഎച്ച്‌പിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

കേസിൽ കെ എസ് ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് ഹാജരായി, വിഎച്ച്പിക്കായി മുതിർന്ന അഭിഭാഷകൻ ചിദംബരേഷ്, സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ,അഭിഭാഷകൻ ആലിം അൻവർ എന്നിവർ ഹാജരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!