നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ പലരില്‍ നിന്നുമായി തട്ടിയ പണം എന്ത് ചെയ്തു എന്ന അന്വേഷണത്തിലാണ് പോലീസ്. എല്ലാ തെളിവുകളും വിവരങ്ങളും സേഖരിച്ച് പ്രവീണ്‍ റാണയെ പൂട്ടാന്‍ തന്നെയാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
റാണയുടെ ഉറ്റബന്ധുവിന്റെ പേരില്‍ കണ്ണൂരില്‍ 22 ഏക്കര്‍ ഭൂമി വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടെ പണമുപയോഗിച്ചാണു ഭൂമി വാങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കണ്ണൂരില്‍ വാങ്ങിയത് 22 ഏക്കറല്ല, രണ്ടേക്കര്‍ മാത്രമാണെന്നു റാണയുടെ അനുചരരിലൊരാള്‍ പൊലീസിനു മൊഴിനല്‍കി. ഇയാളടക്കം 4 അനുചരരുടെ പേരില്‍ വന്‍തോതില്‍ ബിനാമി നിക്ഷേപം നടന്നെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്.
തട്ടിപ്പ് നടത്തി പണം ഉണ്ടാക്കാന്‍ പ്രവീണ്‍ റാണ ആരംഭിച്ചതു 11 കമ്പനികളാണ്. ഇതിന്റെയൊക്കെ മൂലധനം തട്ടിപ്പാണ്. 11 കമ്പനികളില്‍ മിക്കതും പൊട്ടിപ്പോവുകയും ചെയ്തു. പുണെ വെസ്റ്റേണ്‍ മാളിലും മുംബൈ സീവുഡ് മാളിലും പ്രവര്‍ത്തിച്ചിരുന്ന ഫ്‌ലൈ ഹൈ പബ്ബുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഒരുവര്‍ഷം മുന്‍പു വരെ പ്രവീണ്‍ റാണയുടെ പേരുമുണ്ടായിരുന്നു. എന്നാല്‍, ഏതാനും മാസം മുന്‍പു പേര് അപ്രത്യക്ഷമായി.
ചിട്ടിക്കമ്പനിയടക്കം തന്റെ സ്ഥാപനങ്ങള്‍ പൊട്ടുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട റാണ, പബ്ബുകളിലേതടക്കം നിക്ഷേപങ്ങളും ഓഹരികളും പിന്‍വലിച്ചു ബിനാമികളുടെ പേരിലേക്കു മാറ്റിയെന്നാണു സൂചന.
ഐആം വെല്‍നസ് എന്ന സ്ഥാപനത്തിനു കീഴില്‍ സ്പാ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍നിന്നും റാണ ഒഴിഞ്ഞിട്ടുണ്ട്.
റിമാന്‍ഡ് ചെയ്യും മുന്‍പു റാണയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധ മൊഴികളാണു പോലീസിന് ലഭിച്ചത്. തട്ടിയ പണമെവിടെ എന്ന ചോദ്യത്തിന് ഒന്നും നമ്മുടേതല്ല എന്ന മട്ടില്‍ ആത്മീയതലത്തിലുള്ള മറുപടിയാണു ലഭിച്ചതെന്നും സൂചനയുണ്ട്.
എത്ര രൂപ തട്ടി, ബിനാമികള്‍ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ലഭിച്ചില്ല. പറഞ്ഞ കാര്യങ്ങള്‍ പിന്നീടു മാറ്റിപ്പറഞ്ഞും റാണ പോലീസിനെ കുഴയ്ക്കുകയാണ്.
സേഫ് ആന്‍ഡ് സ്‌ട്രോങ് കമ്പനി നിയമാനുസൃതമാണു പ്രവര്‍ത്തിക്കുന്നതെന്നും ഭാവിയില്‍ ബാങ്കിതര ധനകാര്യ സ്ഥാപനമാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണു പ്രവീണ്‍ റാണ നിക്ഷേപങ്ങള്‍ കാന്‍വാസ് ചെയ്യിപ്പിച്ചതെന്നു ജീവനക്കാര്‍ പൊലീസിനു മൊഴിനല്‍കി.
കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനായി റാണ സാമ്പത്തികസ്ഥിതിയെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ചു. മുന്‍ജീവനക്കാരും നിലവിലെ ജീവനക്കാരുമടക്കം നൂറോളം പേര്‍ക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും മൊഴിയില്‍ പറയുന്നു.
നിക്ഷേപകരെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുന്‍ ജനറല്‍ മാനേജര്‍ സിജു, ഏരിയ മാനേജര്‍ വിഷ്ണു പ്രസാദ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍മാരായ നസീമ, ശ്രീദേവി വേണുഗോപാല്‍, സ്വര രൂപ, ബ്രാഞ്ച് മാനേജര്‍ പ്രതാപ്, സെയില്‍സ് മാനേജര്‍മാരായ സുധീര്‍, ബിനോയ്, ലിവിന്‍ തുടങ്ങിയവരുടെ മൊഴിയിലുണ്ട്.
കൊച്ചി ചിലവന്നൂരിലെ ഫ്‌ലാറ്റില്‍നിന്നു കടന്ന പ്രവീണ്‍ റാണയെ പിന്തുടര്‍ന്നു സിറ്റി പൊലീസ് സംഘം 3 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രവീണിനെ പിടിച്ചത്. അങ്കമാലിയില്‍നിന്നു കോയമ്പത്തൂരിലേക്കു റാണ കാറില്‍ കടന്നെന്നു മനസ്സിലാക്കി 2 സംഘങ്ങളായാണു പൊലീസ് പിന്നാലെ പോയത്.
കോയമ്പത്തൂരിലെത്തിയപ്പോഴാണു പ്രതിയുടെ കൂട്ടാളി ബെംഗളൂരുവിലുണ്ടെന്നു കണ്ടെത്തിയത്. സംഘം നേരെ ബെംഗളൂരുവിലേക്കു പാഞ്ഞു. അവിടെയെത്തി കൂട്ടാളിയെ ചോദ്യംചെയ്തപ്പോള്‍ പെരുമ്പാവൂര്‍ സ്വദേശിയുടെ പാറമടയിലാണു റാണ ഒളിച്ചുകഴിയുന്നതെന്നു കണ്ടെത്തി.
ഇതോടെ സംഘം കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തേക്കു കുതിച്ചു. ചെറുത്തു നില്‍പിന്റെ ചെറിയ ശ്രമങ്ങള്‍ നടത്തിയ പ്രവീണ്‍ റാണ പക്ഷെ പോലീസിന് മുന്നില്‍ അതികം സമയം പിടിച്ചു നില്‍ക്കാനാവാതെ കീഴടങ്ങേണ്ടി വന്നു.