Wednesday, December 18
BREAKING NEWS


ബുറെവി ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

By sanjaynambiar

തിരുവനന്തപുരം:  സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിലാണ് വെള്ളിയാഴ്ച (ഡിസംബര്‍ 4) പൊതു അവധി പ്രഖ്യാപിച്ചത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കുന്ന തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍.

ഇന്ന് അര്‍ധരാത്രിയ്ക്കോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയ്ക്കോ ആയി ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ടെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!