Monday, December 23
BREAKING NEWS


സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

By ഭാരതശബ്ദം- 4

ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്.

ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ആയിരുന്നു പരാതി. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഒന്നാംപ്രതി. രണ്ടും മൂന്നും പ്രതികൾ ഡയറക്ടർമാരുമായിരുന്നു.

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണെന്ന് വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനംനൽകിയുമാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ആലുവ സ്വദേശിനിയായ സ്ത്രീ, വീടും വസ്തുവും വിറ്റ് 15.5 ലക്ഷം രൂപ ഗഡുക്കളായി ധനകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും പണമോ പലിശയോ നൽകാതെ ഇവരെയും മറ്റു നിക്ഷേപകരെയും കബളിപിച്ച് സ്ഥാപനം പൂട്ടി പ്രതികൾ ഒളിവിൽ പോയി. കേരളത്തിലെ നിക്ഷേപകരെ കബളിപ്പിച്ച് പണംതട്ടുന്ന വ്യാജ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരേയുള്ള ആദ്യ വിധിയാണ് ആലപ്പുഴ കോടതിയിൽ നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!