Feni Balakrishnan മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ.
പരാതിക്കാരി നല്‍കിയത് കത്തല്ല കോടതില്‍ നല്‍കാനുള്ള 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നുവെന്നും ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലില്‍ കത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.
21 പേജുള്ള കത്ത് പത്തനംതിട്ട ജയിലില്‍ നിന്ന് എടുത്തോണ്ട് വെളിയില്‍ വന്നപ്പോള്‍, പരാതിക്കാരിയുടെ നിര്‍ദേശപ്രകാരം ഡ്രാഫ്റ്റ് ഗണേഷ് കുമാറിന്റെ പി.എ. ആയ പ്രദീപിനെ ഏല്‍പ്പിച്ചു. അയാളുടെ കാറില്‍ തന്നെ ബാലകൃഷ്ണപിള്ളയുടെ ഓഫീസില്‍ പോയി.
മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു. പരാതിക്കാരി ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ആറ് മാസത്തോളം ശരണ്യ മനോജിന്റെ വീട്ടിലായിരുന്നു താമസം. കത്തില്‍ രണ്ടാം പേജില്‍ ഗണേഷ് കുമാര്‍ പരാതിക്കാരിയെ പീഡിപ്പിച്ചു എന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കിപ്പിച്ചുവെന്നും ഫെനി ആരോപിച്ചു.
Also Read : https://www.bharathasabdham.com/role-of-leaders-in-karuvannur-scam-crime-branch-hoarded-ed-picked-up/
ഗണേഷ് കുമാറിന് മന്ത്രിയാകണം എന്നായിരുന്നു ആഗ്രഹം. ഇത് പരാജയപ്പെട്ടപ്പോഴാണ് ഞങ്ങളോട് പത്ര സമ്മേളനം വിളിക്കാൻ പറഞ്ഞത്. ശരണ്യ മനോജ് കത്ത് എഴുതി കൈയില്‍ കൊണ്ടുവന്ന് തന്നു.
കത്തില്‍ ഉമ്മൻ ചാണ്ടിക്കെതിരേയും ജോസ് കെ മാണിക്കെതിരേയും ലൈംഗികാരോപണം ഉണ്ടായിരുന്നു. ഇത് ശരിയല്ലാല്ലോ എന്ന് പറഞ്ഞപ്പോള്‍, ‘ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന് മന്ത്രിയാകാൻ പറ്റിയില്ല. മുഖ്യനെ താഴെയിറക്കണം’ എന്നായിരുന്നു ശരണ്യ മനോജ് പറഞ്ഞത്.
ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യ മനോജ് തന്ന പേരുകളും ചേര്‍ത്ത് പത്ര സമ്മേളനം നടത്താൻ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി തന്നെ കൈപ്പടയില്‍ എഴുതുകയായിരുന്നു- ഫെനി പറഞ്ഞു.
ദല്ലാള്‍ നന്ദകുമാറിനെ കൊണ്ടുവന്നത് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യ മനോജിന്റെ ഇടപെടലില്‍ ആണ്. എല്ലാം ശരണ്യാ മനോജിന് അറിയാം. ഇതിന്റെ മുഖ്യ സൂത്രധാരൻ ശരണ്യമനോജും ഗണേഷ് കുമാറിന്റെ പി.എ. ആയിരുന്ന പ്രദീപും ആണ്. എല്ലാം ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു- ഫെനി ബാലകൃഷ്ണൻ ആരോപിച്ചു.