കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂർത്തി’യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്.
മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു.
നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാർഥികൾക്ക് വാർഡിൽ വോട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഇരു പാർട്ടികളും സ്ഥാനാർഥികളെ മാറ്റി. സോഷ്യൽ മീഡിയയിൽ എതിർ പാർട്ടികൾ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു.