കാബിനറ്റിലേക്ക് കൂടുതൽ വിശ്വസ്തരെ പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. പുതുതായി പാർട്ടിയിലെത്തിയ തുൾസി ഗബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകും.
ട്രംപിന്റെ വിശ്വസ്തനും ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധിയുമായ മാറ്റ് ഗേറ്റ്സ് പുതിയ അറ്റോർണി ജനറലാകും. ക്രിസ്റ്റി നോം ആഭ്യന്തര പൊളിറ്റിക്കൽ സെക്രട്ടറിയാകും.
ഇതുകൂടാതെ ട്രംപിന്റെ കാബിനറ്റിൽ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) ചുമതലയായിരിക്കും ഇവർക്ക്.
അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു.
അതേസമയം വൈറ്റ് ഹൗസിലെത്തിയ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ സ്വീകരിച്ചു . അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.