കാക്കനാട്: തെരുവുനായെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഉടമക്കെതിരെ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസില്‍ പ്രതിയായ കുന്നുകര ചാലാക്ക സ്വദേശി യൂസുഫിന് മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. പറവൂര്‍ ജോയന്റ് ആര്.ടി.ഒ ആണ് നോട്ടീസ് നല്‍കിയത്. ഈ ആഴ്ചതന്നെ വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിന്റെ പിറകില്‍ നായെ കെട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഡ്രൈവര്‍ക്കെതിരെ വ്യാപക ജനവികാരമുയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് യൂസുഫിന്റെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വിശദീകരണം കേട്ടശേഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു മനേകാ ഗാന്ധിയും രംഗത്ത് വന്നിരുന്നു.