കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എൻ ഓ സി വിഷയത്തിൽ നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നതായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു.
കലക്ടർ അടക്കമുള്ള ജില്ലയിലെ പ്രധാന പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചാനൽ ക്യാമറക്ക് മുന്നിൽ നവീൻ ബാബുവിനെതിരെ പൊട്ടിത്തെറിക്കാൻ പി. പി ദിവ്യയെ പ്രകോപിപ്പിച്ചത് എന്തായിരുന്നു. താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതി നൽകാതിരുന്നത് മാത്രമായിരുന്നോ കാരണം ? ലാൻഡ് റവന്യൂ ജോയിൻറ്കമ്മീഷണർ പി ഗീതയ്ക്കും കോഴിക്കോട് വിജിലൻസ് എസ്പിക്കും പ്രശാന്ത് നൽകിയ മൊഴി അനുസരിച്ചാണെങ്കിൽ വിഷയത്തിൽ സിപിഐ നടത്തിയ ഇടപെടലും പ്രകോപനം സൃഷ്ടിച്ചതായാണ് വിവരം.
ലാൻഡ് റവന്യൂ കമ്മീഷണർക്ക് പ്രശാന്ത് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെ- പി പി ദിവ്യ വഴിയും സിപിഎമ്മിലെ മറ്റ് നേതാക്കൾ വഴിയും പലവട്ടം ശ്രമിച്ചശേഷം പണം കൊടുത്ത ശേഷമാണ് തനിക്ക് എൻഒസി കിട്ടിയത്. സിപിഐയുടെ നേതാക്കളുടെ ഇടപെടലും എൻഒസി കിട്ടുന്നതിന് കാരണമായി.