Chandrayaan-3 ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്.
ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്.
ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലാണ് ലാൻഡർ ഭ്രമണം ചെയ്തിരുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോയെന്ന പരിശോധനകളെല്ലാം ഐഎസ്ആർഒ പൂർത്തിയാക്കിയിരുന്നു.
വൈകുന്നേരം 5.20ന് തന്നെ ലാൻഡിംഗിന്റെ തൽസമയ സംപ്രേഷണം ഐഎസ്ആർഒ ആരംഭിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് വൈകുന്നേരം 5.44ഓടെ ചന്ദ്രയാൻ 3 ലാൻഡർ എത്തി. തുടർന്ന് നിർണായകമായ 19 മിനിറ്റുകളുടെ കാത്തിരിപ്പായിരുന്നു.