India ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രണ്ടാം സ്വർണ്ണമാണ് നേടിയത്.19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും ഷഫാലി വർമ്മയെ ഇന്ത്യയ്ക്ക് വേഗം നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവർ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി.
ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 46 റൺസെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. റിച്ച ഘോഷ് ഒമ്പത്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ രണ്ട്, പൂജ വസ്ത്രേക്കർ രണ്ട് എന്നിവർ വന്നപോലെ മടങ്ങി.
ഇന്ത്യൻ പ്രതീക്ഷകളുമായി ക്രീസിൽ ഉണ്ടായിരുന്ന ജമീമ റോഡ്രിഗസ് 42 റൺസെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ 7ന് 116 റൺസിൽ ഒതുങ്ങി. അവസാന അഞ്ച് ഓവറിൽ 17 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത്. എങ്കിലും ഏഷ്യൻ ഗെയിംസിൽ ഇതുവരെ നടന്ന മത്സരങ്ങളിലെ മികച്ച സ്കോറാണ് ഇന്ത്യ ഉയർത്തിയത്.