എംബാപ്പയെ പരിഹസിച്ച് വീണ്ടും എമി: ആർജന്റീനിയൻ തെരുവിൽ വൻ സംഘർഷവും
ഖത്തർ: ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആഘോഷമായിരുന്നു ലോകം ഉറ്റ്നോക്കിയത്. അർജൻറീന ഗോളി എമി മാർട്ടിനസിൻറെ എംബാപ്പെ പരിഹാസം വിവാദമായിരുന്നു. എന്നാൽ അർജന്റീനയുടെ അതിര് കടന്നുള്ള ആഘോഷത്തിനും പരിഹാസത്തിനും ആരാധകർ തന്നെ വിമർശനവുമായി രംഗത്തെത്തുകയാണ്.
ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിൻറെ ട്വീറ്റിൽ പറയുന്നു.
പാവയുടെ മുഖത്തിൻറെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാർട്ടിനസിൻറെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴിഞ്ഞു.
അർജൻറീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർട്ടിനസ് കളിയാക്കുന്നത്. അർജൻറീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാൻ എമി ആവശ്യപ്പെടുന്നതിൻറെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ഖത്തർ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങൾ എമിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഖത്തർ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അർജൻറീനയുടെ വിജയത്തിലെ മുഖ്യ വിജയശിൽപ്പിയായ എമി മാർട്ടിനെസിൻറെ അതിരുകടന്ന ആഘോഷ പ്രകടനം
ലാറ്റിനമേരിക്കൻ ഫുട്‌ബോളിനെതിരായ കിലിയൻ എംബാപ്പെയുടെ മുൻ പരാമർശത്തിന് മറുപടിയായാണ് എമി മാർട്ടിനസ് ഇത്തരത്തിൽ വിവാദ മറുപടികൾ നൽകുന്നത് എന്ന് പറയപ്പെടുന്നു.
ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതൽ മികച്ചതെന്ന് എംബാപ്പെ ഏഴ് മാസങ്ങൾക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു. ‘ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിൻറേത് പോലെ നിലവാരമില്ല.
അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യൻ ടീമുകൾ വിജയിച്ചതെന്നും’ എംബാപ്പെ പറഞ്ഞിരുന്നു.
ലോകകപ്പ് ഫൈനലിന് മുമ്പ് ഈ വിഷയം ഉയർത്തി എമിലിയാനോ മാർട്ടിനസ് എംബാപ്പെയെ വിമർശിച്ചതാണ്. ലോകകപ്പ് അവസാനിച്ചിട്ടും ആ പോര് നീളുകയാണ്.
ഫിഫ ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണൽ മെസിയുടെയും സംഘത്തിൻറെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.
സംഘർഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും അർജൻറൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
ആരാധകരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ടീം വിക്‌ടറി പരേഡ് ഹെലികോപ്റ്ററിലാണ് പൂർത്തിയാക്കിയത്.
ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സിൽ പറന്നിറങ്ങിയ അർജൻറീൻ ടീമിൻറെ വിക്‌ടറി പരേഡ് കാണാൻ 40 ലക്ഷം ആരാധകർ തടിച്ചുകൂടിയെന്നാണ് റിപ്പോർട്ട്.
മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി.
രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജൻറീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. നഗരത്തിലെ ഫ്ലൈഓവറുകളിലും റോഡുകളിലും തെരുവുകളിലും ആളുകൾ തിങ്ങിനിറഞ്ഞതോടെ ജനത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു.
അവസാന നാലിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ തകർത്ത് മുന്നേറിയ ലിയോണൽ മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലർത്തിയടിച്ചാണ് ഖത്തറിൽ കിരീടമുയർത്തിയത്.
കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്ത് ലിയോണൽ മെസിയുടെ അർജൻറീന മൂന്നാം ലോക കിരീടം ഉയർത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടിൽ നിർണായക സേവുമായി അർജൻറീനയുടെ എമി മാർട്ടിനസ് ശ്രദ്ധ നേടി. ഫ്രാൻസിനായി ഹാട്രിക് നേടിയ കിലിയൻ എംബാപ്പെയുടെ ഒറ്റയാൾ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.