Saturday, December 21
BREAKING NEWS


‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

By sanjaynambiar

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം.

‘തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു.

അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.’- അപര്‍ണ പറഞ്ഞു.

കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടിയായിരുന്നു അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും അടക്കമുള്ളവര്‍ കോളേജില്‍ എത്തിയത്. സംഭവത്തില്‍, കോളേജ് യൂണിയന്‍ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

നടിക്കു പൂ നല്‍കി സ്വീകരിക്കാന്‍ വേദിയില്‍ കയറിയ വിദ്യാര്‍ഥി നടിയുടെ കയ്യില്‍ പിടിച്ച് തോളില്‍ കയ്യിടാനും സെല്‍ഫിയെടുക്കാനും ശ്രമിച്ചിരുന്നു.

വേദിയില്‍ അപമര്യാദയായി പെരുമാറിയ എറണാകുളം ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വിഷ്ണുദാസിനെ 7 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞിരുന്നു. സംഭവത്തില്‍ കോളജ് യൂണിയനും ഖേദം പ്രകടിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!