Wednesday, December 18
BREAKING NEWS


അനില്‍ ആന്റണി വലത്തോട്ട് തിരിഞ്ഞപ്പോള്‍ പി സരിന്‍ ഇടത്തോട്ട്, കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്ലിന്റെ ദുര്യോഗം

By ഭാരതശബ്ദം- 4

‘കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറാണോ, എന്നാല്‍ മറുകണ്ടം ചാടിയിരിക്കും’. അനില്‍ ആന്റണിക്ക് പിന്നാലെ ഈ സ്ഥാനത്തിരുന്ന പി സരിനും പാര്‍ട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പരിഹാസമാണിത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്ത് അനില്‍ ആന്റണി പുറത്ത് പോയതിന് പിന്നാലെ പകരക്കാരനായാണ് പി സരിന്‍ ഈ സ്ഥാനക്കേക്കെത്തുന്നത്. ഇപ്പോള്‍ സരിനും വിവാദങ്ങള്‍ക്ക് പിന്നാലെ ‘ കൈ’ വിട്ടിരിക്കുകയാണ്. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയപ്പോള്‍ പി സരിന്‍ നീങ്ങിയത് ചെങ്കൊടിത്തണലിലേക്ക്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്ലിന്റെ തലപ്പത്തേക്ക് അവരോധിച്ചത്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ശശി തരൂര്‍ എന്നിവരുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറില്‍ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ ഐടി മീഡിയ സെല്ല് മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് നിര്‍ജ്ജീവമായിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ രംഗത്ത് പയറ്റിത്തെളിഞ്ഞ അനില്‍ ആന്റണിക്ക് കീഴില്‍ സെല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തിന് മുല്ലപ്പള്ളി പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. അനില്‍ ആന്റണി മോദിയെ സ്തുതിച്ച് ബിജെപിക്കൊപ്പം പോയപ്പോള്‍ പഴി മുഴുവന്‍ കേട്ടത് മുല്ലപ്പള്ളിയാണ്.

അനില്‍ ആന്റണിക്ക് പകരക്കാരനായാണ് ഡോ. പി സരിന്‍ ഡിജിറ്റല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തത്. എംബിബിഎസ് ബിരുദം, 33ാം വയസില്‍ സിവില്‍ സര്‍വീസ്. പദവികള്‍ നിരവധി ഉപേക്ഷിച്ചാണ് സരിന്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്ന് കന്നിയങ്കത്തിന് ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എം എം ഹസന്‍ കെ പി സി സി പ്രസിഡന്റായിരിക്കെ തുടങ്ങിയ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ തുടക്കം മുതലേ അംഗമായിരുന്നു. 2023 ഫെബ്രുവരിയിലാണ് അനിലിന്റെ പിന്‍ഗാമിയായി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്ത് എത്തിയത്. ഇടതുപക്ഷത്തിന്റെ സൈബര്‍ കടന്നലുകളോട് മുട്ടി നില്‍ക്കാന്‍ സരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ഡിജിറ്റല്‍ മീഡിയ സെല്ലിലും കലഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും സരിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത് വന്നിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!