ബൊഗാട്ട (കൊളംബിയ) : എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു… ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞ വാക്കുകളാണിത്. Amazon
തദ്ദേശീയരായ രക്ഷാപ്രവര്‍ത്തന സംഘത്തിലെ അംഗമായിരുന്ന നിക്കോളാസ് ഒര്‍ഡോണസ് ഗോമസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
മൂത്ത പെണ്‍കുട്ടി ലെസ്ലി തന്റെ കൈകളില്‍ ചെറിയ കുഞ്ഞിനേയുമെടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് പറഞ്ഞു ‘എനിക്ക് വിശക്കുന്നു’. മറ്റു രണ്ടുകുട്ടികളില്‍ ഒരാള്‍ കിടക്കുകയായിരുന്നു. അവന്‍ എഴുന്നേറ്റ് പറഞ്ഞത് ‘എന്റെ അമ്മ മരിച്ചു’ എന്നാണ് -നിക്കോളാസ് പറഞ്ഞു.
മെയ് ഒന്നിന് ഇവര്‍ സഞ്ചരിച്ച വിമാനം ആമസോണില്‍ തകര്‍ന്നു വീണ് നാലുദിവസംകൂടി കുട്ടികളുടെ അമ്മ മഗ്ഡലീന മുക്കുട്ടി ജീവിച്ചിരുന്നുവെന്ന് മൂത്തമകള്‍ ലെസ്ലി തന്നോട് പറഞ്ഞതായി കുട്ടികളുടെ അച്ഛന്‍ മാനുവല്‍ റാനോക്കെ മാധ്യമങ്ങളോട് പറഞ്ഞു.
‘നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെടൂ… നിങ്ങളുടെ അച്ഛന്‍ നല്ല മനുഷ്യനാണ്. ഞാന്‍ നോക്കിയപോലെ അച്ഛനും നിങ്ങളെ നോക്കും’ മരിക്കുന്നതിനുമുന്‍പ് അമ്മ കുട്ടികളോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദഗ്ധ ചികിത്സയ്ക്കായി ബൊഗാട്ടയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങി. രണ്ടാഴ്ചകൂടി കുട്ടികള്‍ ആശുപത്രിയില്‍ തുടരും.
രക്ഷപ്പെട്ടത് മരക്കൊമ്പില്‍ ഒളിച്ചിരുന്ന്
വിമാനം തകര്‍ന്ന് പാമ്പുകളും വന്യമൃഗങ്ങളും പ്രാണികളും നിറഞ്ഞ ആമസോണ്‍ വനത്തിലകപ്പെട്ട കുട്ടികള്‍ മരക്കൊമ്പുകളില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടതെന്ന് കുട്ടികളില്‍ ഒരാള്‍ പറഞ്ഞതായി അവരുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.