Friday, December 20
BREAKING NEWS


യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും

By sanjaynambiar

പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും.രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.

സിസി ടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച്‌ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 5.15-ന് മാളില്‍ കടന്ന പ്രതികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് പ്രവേശിച്ചത്. അവിടെ കറങ്ങിനടന്നതല്ലാതെ സാധനങ്ങളൊന്നും വാങ്ങിയില്ല. ശേഷം 8.30-ന് മെട്രോയില്‍ മടങ്ങുകയായിരുന്നു. ഇവര്‍ മെട്രോയില്‍ നിന്ന് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിയതായും പൊലീസിന് വിവരമുണ്ട്. അവിടെ തീവണ്ടിയില്ല എന്നു കണ്ടതോടെ റോഡ് മാര്‍ഗം ഇവിടെനിന്ന് കടന്നതായാണ് കരുതുന്നത്. ഇതിനാല്‍ത്തന്നെ പ്രതികള്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നാണ് പൊലീസ് കരുതിയത്.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്ബോള്‍ പേരും ഫോണ്‍ നമ്ബറും എഴുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇവര്‍ ഇത് രേഖപ്പെടുത്താന്‍ കൂട്ടാക്കിയിരുന്നില്ല.

പൊലീസിന് പുറമേ വനിതാ കമ്മിഷനും യുവജന കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി ശനിയാഴ്ച എടുക്കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചിരുന്നെങ്കിലും നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞ് എത്തിയാല്‍ നേരിട്ട് കണ്ട് മൊഴിയെടുക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!