നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. സ്ഥാനം രാജിവെച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിക്കത്ത് നല്‍കിയതോടെ വിചാരണ വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി. കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്പെഷല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാന്‍ കോടതി നോട്ടിസ് നല്‍കി.
ഇതിനിടെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. വിചാരണക്കോടതി മാറണമെന്ന് സര്‍ക്കാരും ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു.