തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു.
കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു.
എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ബിജു രമേശ് തന്നോട് ഉറച്ച് നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട ബിജു രമേശ് ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു.
എം എല്‍ എമാരും മന്ത്രിയുമായിരുന്ന 36 പേര്‍ അന്ന് തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്‌മൂലം തെറ്റായിരുന്നു. അന്ന് അത് പിണറായിയോട് പറഞ്ഞപ്പോള്‍ കൈയില്‍ വച്ചിരിക്കാനാണ് പറഞ്ഞതെന്നും ബിജു രമേശ് വെളിപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് അന്ന് ചെന്നിത്തലയ്ക്കെതിരേ മൊഴികൊടുക്കാതിരുന്നത്. ചെന്നിത്തല രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും ഉറങ്ങിയില്ലെന്നും രാവിലെ കാപ്പി പോലും കുടിച്ചില്ലെന്നും ഭാര്യ പറഞ്ഞു. അസുഖമുളളയാളാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോള്‍ ഇല്ല ചേച്ചി ഉപദ്രവിക്കില്ല എന്നു പറഞ്ഞ് താന്‍ ഫോണ്‍ വച്ചു.
പിന്നീട് തന്നെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ച രമേശ് ചെന്നിത്തല തനിക്കെതിരെ തിരിയുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.