Wednesday, December 18
BREAKING NEWS


‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…

By sanjaynambiar

കണ്ണൂർ: വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പണിയെടുത്തയാൾക്ക് ഡിസിസി പ്രസിഡൻറ് ഇത്തവണ പാർട്ടി ചിഹ്നവും മത്സരിക്കാൻ സീറ്റും നൽകി, പക്ഷെ ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുകയാണ് ആ കോണ്‍ഗ്രസ് നേതാവ്. സംഭവം ഇതാണ്..

കണ്ണൂരിലെ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പാത്തന്‍പാറ വാര്‍ഡിലാണ് കൈപ്പത്തി ചിഹ്നം കൊണ്ട് പുലിവാല് പിടിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ആന്‍റണി കുര്യന്‍ എന്നാണ് ഈ യുവനേതാവിന്റെ പേര്, നാട്ടുകാരുടെ സ്വന്തം നോബിള്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തവണ ആദ്യമായാണ് പഞ്ചായത്തിലേക്ക് ഒരു സീറ്റ് കിട്ടിയത്.

പാര്‍ട്ടി പൂര്‍ണ്ണ മനസോടെ നല്‍കിയ സീറ്റായത്കൊണ്ടും മറ്റ് വിമത ശല്യമില്ലാതിരുന്നത് കൊണ്ടും നോബിൾ പണി തുടങ്ങി. യു.ഡി.എഫിന്‍റെ കര്‍മ്മധീരനായ ആന്‍റണി കുര്യന് കൈ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന ബോര്‍ഡുകളും പലയിടത്തും സ്ഥാനം പിടിച്ചു.

പ്രചരണം തുടങ്ങി രണ്ടാം ദിവസം ചിഹ്നം അനുവദിച്ചതായുള്ള ഡി.സി.സി പ്രസിഡന്‍റിന്‍റെ കത്തുമായി മണ്ഡലം പ്രസിഡന്‍റ് സ്ഥലത്തെത്തി. വീക്ഷണം പത്രത്തിന്‍റെ വരിക്കാരനായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതിനാല്‍ ഒരു വര്‍ഷത്തെ വരിസംഖ്യയും കൈയോടെ വാങ്ങി. എന്നാൽ അടുത്ത ദിവസം നേരം വെളുത്തപ്പോഴേക്കും കഥമാറി.

മറ്റൊരു കോണ്‍ഗ്രസ് നേതാവിനു കൂടി കൈപ്പത്തി ചിഹ്നം അനുവദിച്ചുള്ള ഡിസിസി പ്രസിഡന്‍റിന്‍റെ കത്ത് വന്നു.എന്നാൽ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മണ്ഡലം പ്രസിഡന്‍റും ഡിസിസി ഭാരവാഹികളും കൈമലര്‍ത്തി.

നടുവില്‍ പഞ്ചായത്തില്‍ നടന്ന സൂഷ്മ പരിശോധനയില്‍ തർക്കമായി, ഒരേ വാർഡിൽ രണ്ട് പേർക്ക് കൈപത്തി ചിഹ്നം അനുവദിച്ച ഡിസിസി പ്രസിഡന്‍റിന്‍റെ കത്ത് രണ്ട് പേരും റിട്ടേർണിംഗ് ഓഫീസർക്ക് കൈമാറി. ഒരേ വാര്‍ഡില്‍ രണ്ടു പേര്‍ക്ക് കൈപ്പത്തി ചിഹ്നം. റിട്ടേണിംഗ്‌ ഓഫിസറും കണ്‍ഫ്യൂഷനിലായി. ഒരു കൈയബദ്ധം പറ്റിയതാണെന്ന ഡിസിസി പ്രസിഡന്‍റിന്‍റെ മറുപടി ലഭിച്ചതോടെ നോബിളിന്‍റെ വിക്കറ്റ് വീണു. വരിസംഖ്യയിനത്തിലെ 1750 രൂപയും, പോസ്റ്ററിനും ബോര്‍ഡിനുമൊക്കെയായി ചിലവഴിച്ച ആയിരങ്ങളുടെ കണക്കും ഏതു വകുപ്പില്‍ പ്പെടുത്തുമെന്ന ആലോചനയിലാണ് നോബിള്‍.

എന്തായാലും ഇറങ്ങി ഇനി കിട്ടുന്ന ചിഹ്നത്തിൽ മത്സരിക്കാനാണ് നോബിളിന്‍റെ തീരുമാനം. പക്ഷെ തന്നെ ചതിച്ച പാര്‍ട്ടിയോടുള്ള പ്രതികാരമെന്നോണം പാരമ്ബര്യമായുള്ള പാര്‍ട്ടി ബന്ധവും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ യുവ കോണ്‍ഗ്രസ് നേതാവ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!