തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്ര നിലപാട് ശരിയല്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും പ്രതികരിച്ചു.
ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
വയനാടിനോടുള്ള അവഗണന ശരിയല്ലെന്ന് കെ വി തോമസും പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം നല്‍കുന്നുണ്ട്. കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. കേന്ദ്രസഹായം കേരളത്തിന്‍റെ അവകാശമാണ് ഔദാര്യം അല്ലെന്നും വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നിൽക്കണമെന്നും കെ വി തോമസ് പറഞ്ഞു.