Monday, December 23
BREAKING NEWS


പൊലീസ് ചമഞ്ഞ് പലവിധ തട്ടിപ്പുകൾ നടത്തിയ യുവതി അറസ്റ്റിൽ

By ഭാരതശബ്ദം- 4

ചെന്നൈ: പൊലീസ് ചമഞ്ഞ് പലവിധ തട്ടിപ്പുകൾ നടത്തിയ യുവതി അറസ്റ്റിൽ. തേനി ജില്ലയിലെ വടുഗപ്പട്ടി പെരിയകുളം സ്വദേശി അഭി പ്രഭ (34) ആണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെ വടശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ തട്ടിപ്പിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നാഗര്‍കോവിലിലെ ബ്യൂട്ടി പാര്‍ലറില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതാണ് അഭിപ്രഭയെ കുടുക്കിയത്. പാര്‍ലറില്‍ എത്തിയ ഫേഷ്യല്‍ ചെയ്ത ശേഷം വടശ്ശേരി പൊലീസില്‍ അസിസ്റ്റന്‍റ് ഇൻസ്പെക്ടര്‍ ആണെന്ന് പറഞ്ഞ അഭിപ്രഭ പണം നല്‍കിയില്ല.

പൊലീസ് യൂണിഫോമിലാണ് യുവതി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഭീഷണിപ്പെടുത്തിയത്. പണം നല്‍കാതെ പോയതോടെ സംശയം തോന്നിയ പാര്‍ലര്‍ ഉടമയാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഉദ്യോഗസ്ഥ ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ അഭി പ്രഭയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചു. തേനി ജില്ലയിലെ മുരുകൻ എന്നയാളെയാണ് യുവതി വിവാഹം കഴിച്ചത്.

ആറ് വര്‍ഷത്തിന് ശേഷം വിവാഹമോചിതയായി. ഒരു മകനുമുണ്ട്. വിവാഹമോചനത്തിന് ശേഷം ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. സഹപ്രവർത്തകനായ പൃഥ്വിരാജുമായി അടുത്ത സൗഹൃദത്തിലുമായി. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിൽ വെച്ച് ശിവ എന്ന ആളെ കണ്ടുമുട്ടിയതിന് ശേഷമാണ് ആൾമാറാട്ട പദ്ധതി അഭിപ്രഭ ആരംഭിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥയെ മാത്രമേ തന്‍റെ മാതാപിതാക്കൾ ഭാര്യയായി സ്വീകരിക്കുകയുള്ളൂവെന്ന് ശിവ പറഞ്ഞിരുന്നു.

ഇതോടെ ശിവയുടെ കുടുംബത്തിന്‍റെ ഇഷ്ടം നേടുന്നതിന് പൊലീസ് വേഷം പൃഥ്വിരാജ് മുഖേന യുവതി സംഘടിപ്പിച്ചു. ചെന്നൈ, തിരുനെൽവേലി, കന്യാകുമാരി എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള യൂണിഫോമിലുള്ള ചിത്രങ്ങൾ യുവതി ശിവയ്ക്ക് അയച്ചുനല്‍കി. ശിവയുമായുള്ള വിവാഹത്തിന് തലേദിവസവാണ് ഫേഷ്യല്‍ ചെയ്യാനായി അഭിപ്രഭ നാഗർകോവിലിലെ ബ്യൂട്ടി പാർലറിൽ എത്തിയത്. പൊലീസ് യൂണിഫോമിലുള്ള കൂടുതൽ ഫോട്ടോകളും വീഡിയോകളും അടങ്ങിയ അഭിപ്രഭയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!